പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന്നു!

സുനില്‍ കെ ചെറിയാന്‍ ബ്ലോത്രത്തില്‍ എഴുതുന്നു.....ഒരു നര്‍മ്മശകലം ...

പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന്നു!

-സുനില്‍ കെ ചെറിയാന്‍

പേ
രുകൊണ്ട്‌
ക്ഷീരസാഗരനാണ്; കുടിക്കുന്നത് പക്ഷേ കാടിയായിരുന്നു;
അഥവാവല്‍ക്കരിച്ചാല്‍ കുടുമ്മം പേരു കൊണ്ട്‌ പൊന്നമ്മേം കഴുത്തില്‍
വാഴനാരും! ഗള്‍ഫീപ്പോയി ചെരച്ചാല്‍ പൊതിയാത്തേങ്ങയോളം പൊന്നു
കിട്ടുമായിരിക്കും. അതുകൊടുത്താല്‍ മുഴക്കരി കുടിച്ച്‌ ജീവിക്കാനേ പറ്റൂ.
നാട്ടിലായിരുന്നെങ്കില്‍ ഭിക്ഷക്കാരനെ ഭയന്ന് കഞ്ഞി
വെക്കാതിരിക്കാതിരിക്കാമായിരുനു. ഇതിപ്പൊ മനപ്പായസമുണ്ടു എത്രനാള്‍
കഴിയും? കാളയില്ലാത്ത നാട്ടിലെ പശുവിന്റെ പാതിവൃത്യം പോലെ
കുബ്ബൂസിനപ്പുറം ആര്‍ഭാടമൊന്നും വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണു.

എന്നും ഓണമായിരുന്ന സുവര്‍ണ്ണകാലമുണ്ടായിരുന്നു. മനോരാജ്യത്ത്‌
ഇളയതമ്പുരാനാകുവാനുള്ള പിശുക്ക്‌ കാട്ടാത്ത കാലത്ത്‌. ജോലി ചരിത്രമായ
ഇപ്പൊ മൂന്നാം ഓണം മുക്കീം മൂളീം, നാലാം ഓണം നക്കീം തുടച്ചും എന്നതിനു
മാത്രം പ്രോമോഷനായി.

നാട്ടില്‍ മഴ നനഞ്ഞിട്ടില്ല. ഗള്‍ഫില്‍ കടലീച്ചാടാനാണു വിധിയെന്നകിലോ?
ഹയ്‌, നിങ്ങള്‍ കടലീ നിക്കണത്‌ ടീവീ കണ്ടല്ലോ എന്നാരെങ്കിലും പറയാണെങ്കീ,
മുങ്ങിക്കുളിക്കാന്‍ പോയതാ എന്ന റെഡിമെയ്ഡ് മറുപടി റെഡി. ടീവിക്കുണ്ടൊ
മീന്‍ചൂര്? മുതല പിടിച്ചാല്‍ മുതലയെ തഴുകണം. വീണതു നമസ്കാരം.

വീട്ടീന്ന് -മെയിലുണ്ടായിരുന്നു..
ഇഞ്ചക്കാട്‌-മുള്ളിന്‍കെട്ട്‌-മുരിക്കിന്‍കാട്‌ വഴി
മുള്ളന്‍പന്നികൂട്ടത്തിലേക്ക് നൂറേ നൂറില്‍ പോകുന്ന ഫാസ്റ്റ്‌ പഞ്ചര്‍
വണ്ടിയിലെ യാത്ര പോലൊന്ന്. അമ്മ മരിക്കാന്‍ കിടക്കുന്നു, കള്ളന്‍
ചക്കയിടുന്നു, പട്ടി ഈച്ചയാട്ടുന്നു, ഭാര്യക്ക്‌ പ്രസവവേദന, മകള്‍
ട്യൂഷനു പോയി വന്നിട്ടില്ല, അന്വേഷിക്കാന്‍ പോയ മകന്‍ കിണറ്റീ വീണു.
ഇതൊക്കെ നടക്കുമ്പോള്‍ ഇളയവള്‍ക്ക് കമ്പ്യൂട്ടര്‍ വീണവായന. എനിക്ക്‌
പ്രാണവേദന.

ജോലി നഷ്ടപ്പെടാന്‍ സാമ്പത്തികമാന്ദ്യമാണെന്നൊക്കെ വീമ്പ്‌ പറഞ്ഞാല്‍
വീട്ടുകാര്‍ക്ക്‌ തിരിയുമോ? വാഴ നനക്കുമ്പോള്‍ ചീരയും നനയൂലോ എന്നോർ‌ത്ത്
കൂടെയുള്ളവന്‍ പണിഞ്ഞപ്പൊ നോക്കി നില്‍ക്കുന്നത് സ്ഥിരം നാടകവേദിയായതാണു
കുഴപ്പിച്ചത്. വിനാശകാലേ വിപരീതബുദ്ധി; സൂപര്‍വ്വൈസറുടെ കത്തി
എന്നെയൊന്ന് കുത്തി. വീഴാന്‍ പോയ തേങ്ങയുടെ ചുവട്ടില്‍ മുഹൂര്‍ത്തം
നോക്കി മൂത്രമൊഴിക്കാന്‍ പോയെന്നും പറയാം. അമ്പട പോയിട്ട്‌ അയ്യടാ ആയത്‌
പശു കുത്തിയതിലല്ല, മറ്റുള്ളവര്‍ കണ്ട്‌ കീലടിക്കുന്നത് ഓര്‍ത്തിട്ടാണ്!

ചീഞ്ഞ മുട്ടക്ക്‌ കള്ളുഷാപ്പില്‍ മോക്ഷം എന്നു കരുതി എവിടെപ്പോം? ഏത്
റീസൈക്കിളുകാര്‍ ഏത് ഫ്രൈഡേ മാർ‌ക്കറ്റിൽ എന്നെയെടുക്കും? ദീപാളിയുടെ
അളിയന്‍ എരപ്പാളി എന്ന സര്‍ട്ടിഫിക്കറ്റും കൈയിലെ കാഞ്ഞിരക്കായും കൊണ്ട്‌
എന്തു ചെയ്യാന്‍?

ജാതകദോഷമനുസൃതപ്രകാരം കേമദ്രുമമാണു.. ഭാഗ്യം ഇന്നേക്ക് പത്താം നാള്‍;
മരണം ഏഴാം നാളും. പ്രാന്തൊക്കെ മാറി; ഇപ്പൊ ഒലക്കയെടുത്തിരിക്കുകയാണ്,
കോണകമുടുക്കാന്‍ എന്ന ദുരവസ്ഥ.. ഏയ്‌, വല്യ ആപത്തൊന്നുമില്ല. തല മാത്രം
കാണാനില്ല!

ബിസിനസ്സ്‌ തുടങ്ങൂ എന്ന് പലരും ഉപദേശിച്ചു - വലിയ രീതിയിലുള്ള
തെണ്ടലാണല്ലോ കച്ചവടം. പക്ഷെ പല്ലില്ലാത്ത പശു പുല്ലില്ലാത്ത പറമ്പില്‍
പോയിട്ടെന്തു കാര്യം? കവിതയെഴുതാന്‍ ഉപദംശമുണ്ടായി. ഒന്നു ചീയുന്നത്
മറ്റൊന്നിനു വളം എന്നാണു ഒരു കവി സുഹൃത്ത്‌ പറഞ്ഞത്. ഒരു കലത്തില്‍
രണ്ട്‌ കറി വേവില്ലെന്ന് ഞാനും പറഞ്ഞു. കോഴി കൂകിയില്ലെന്നും വച്ച്‌...

റിസഷനാണെന്നു പറഞ്ഞ്‌ കൊല്ലത്ത്‌ മഴപെയ്യുമ്പോള്‍ കോത്താഴത്ത്‌ കുട
പിടിക്കേണ്ട കാര്യമില്ല. നനഞ്ഞവനു ഈറനില്ലല്ലോ. തുനിഞ്ഞിറങ്ങാന്‍
തീരുമാനിച്ചു. പഴയ ഇരുമ്പ്‌, ചെമ്പ്‌, പിച്ചള പാത്രങ്ങളെടുക്കുന്ന
സംഘത്തില്‍ ആളെയെടുക്കുന്നു.

കാലത്തിനു പറ്റിയ കൈത്തിരി. നാടോടുമ്പോള്‍ നെടുകേയുള്ള സ്റ്റിമുലസ്‌
പാക്കേജ്‌. നില്‍ക്കൂ ഞാനും വരുന്നൂ. ഇരുമ്പ്‌..., ചെമ്പ്‌.....


-
നര്‍മ്മം

0 comments:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP