പ്രമോദിന്റെ കവിതയിലൂടെ

പ്രമോദിന്റെ കവിതയിലൂടെ

പാരമ്പര്യത്തിന്റെ കനം പേറുന്ന എഴുത്തിടങ്ങളില്‍ നിന്ന് പുതുകവിത കൊണ്ടുവരുന്ന പുത്തനെഴുത്തിന്റെ സമീപകാല രാഷ്ട്രീയ/ദാര്‍ശനിക/വൈയക്തിക മണ്ഡലത്തില്‍ തന്റേതായ ഇടം നേടിയ കവിയാണ് കെ.എം.പ്രമോദ്.നിലവില്‍ രൂപപ്പെട്ട ഓരോ ആവിഷ്കാരതലത്തെയും നിരന്തരം പുതുക്കിക്കൊണ്ട് വൃത്താധിഷ്ഠിതമായ രചനാസങ്കേതത്തില്‍ നിന്ന് സ്വാഭാവികമായൊരാവിഷ്കാരത്തിന്റെ വഴിയിലൂടെയാണ് ഇന്ന് മലയാളകവിത സഞ്ചരിക്കുന്നത്.ബ്ലോഗുപോലെയുളള ആധുനികമാധ്യമങ്ങള്‍ സ്ഥലകാലപരിമിതികളെ ഭേദിച്ചുകൊണ്ട് എഴുത്തിന് ഒട്ടേറെ സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു.വിഷ്ണുപ്രസാദ്, ടി.പി.വിനോദ്, നാസ്സര്‍കൂടാളി, നസീര്‍കടിക്കാട്, കെ.എം.പ്രമോദ് തുടങ്ങി ഒട്ടേറെ യുവ എഴുത്തുകാരെ രൂപപ്പെടുത്തിയതിലും ബ്ലോഗിനുളള പങ്ക് പ്രധാനമാണ്.

അക്ഷരശ്ലോഗങ്ങള്‍ നിര്‍മിച്ചുകൊണ്ട് കവിതയിലെത്തിയ പ്രമോദ് തന്റെ കവിതയുടെ ഒഴുക്കുകളെ തിരിച്ചറിയുകയും തിരിച്ചുവിടുകയും ചെയ്തകവിയാണ്.തന്റെയുളളിലെ കവിയെ രൂപപ്പെടുത്തുന്നതില്‍ ബ്ലോഗ് നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് പ്രമോദ് പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.പ്രമോദിന്റെ കവിതകളുടെ വലിയൊരു വിഭാഗം പ്രവാസജീവിതത്തിന്റെ പശ്ചാത്തലമുളളവയാണ്.മറ്റൊരു വിഭാഗം രാഷ്ട്രീയപരവും.എന്നാല്‍ ഇതോടൊപ്പം നാടും കുട്ടിക്കാലത്തെ അനുഭവങ്ങളും ചികഞ്ഞെടുക്കുന്ന ഓര്‍മയുടേ ഭൂപടവും കണ്ടെത്താനാവും.കവിതയില്‍കടന്നുവരുന്ന നാട്ടുമൊഴികളുടെ പ്രതീകങ്ങളായി ഒട്ടേറെ സാധാരണ മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളിലും കടന്നുവരുന്ന പ്രകടമായ രാഷ്ട്രീയബോധവും ഈ കവിതകളിലെ സാന്നിധ്യമാണ്.പോസ്റ്റര്‍ എന്ന കവിതയില്‍ ഇതിന്റെ തീവ്രത വരച്ചു വച്ചിരിക്കുന്നതു കാണാം.പാടിക്കുന്ന് രക്തസാക്ഷികളിലൊരാളായ ഗോപാലന്റെ സാഹസികമായ പോസ്റ്റ്റൊട്ടിക്കല്‍ കഥ പറഞ്ഞു കൊടുത്തുകൊണ്ട് കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചുവന്ന ആകാശവും ചിറകുകളും നല്‍കുന്ന കുഞ്ഞിരാമേട്ടന്‍ .ഇത്തരം കവിതകളിലൂടെയാണ് പ്രമോദ് പുതുകവിതയില്‍ വ്യത്യസ്തനാകുന്നത്.

നാട്ടുമ്പുറത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ സൗന്ദര്യാത്മകതയില്‍ കലര്‍ത്തിയ വിശപ്പിന്റെ കറുത്തചായത്തില്‍ മുക്കിയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.തവളകളുടെ വര്‍ത്തമാനം വിവര്‍ത്തനം ചെയ്തു വായിക്കുന്നു, മറുനാട്ടിലിരുന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍.
' കഞ്ഞിതാമ്മേ' യെന്നും 'തെരാം മക്കളേ' യെന്നു ചെളിക്കണ്ടത്തില്‍ നിന്ന് കരയുന്ന തവളകള്‍ ചീവീടുകളായി രൂപാന്തരപ്പെട്ടത് വൈലോപ്പിളളിയുടെ കുടിയൊഴിക്കലില്‍ കാണാം.പ്രമോദിന്റെ കവിതയില്‍ , പക്ഷേ ഇത് അവനവനോടുളള ഒരു പ്രതിഷേധത്തിന്റെ ഇടിമുഴക്കമായി ' എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’ എന്ന് നടുക്കമുണ്ടാക്കുന്നു.ഇങ്ങനെ സാധാരണായതില്‍ നിന്ന് അസാധാരണമായ ചിലത് സ്വാംശീകരിച്ചെടുക്കുകയാണ് , പ്രകൃതിയില്‍ അനുഭവങ്ങളെ വരച്ചിടുകയാണ്, കവി.

ആധുനികകാലത്ത് നമ്മളില്‍ നിന്ന് വറ്റിപ്പോവുകയാണ് ഓര്‍മകള്‍ . ഒന്നും ഓര്‍മയില്‍ വയ്ക്കേണ്ട ആവശ്യം വരാത്ത ഇക്കാലത്ത് ശൂന്യമായമനസ്സോടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നു.എന്നാല്‍ എല്ലാം ഓര്‍മയില്‍ , കാലക്കണക്കില്‍ സൂക്ഷിച്ചു വച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു.ഒരു കുറിപ്പും നോക്കാതെ ജീവിതത്തെ ഓര്‍ത്തെടുത്തിരുന്നു അവര്‍

അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി (ഓര്‍മ)

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവര്‍ഷങ്ങള്‍ എന്ന കവിതയില്‍ സ്വപ്നങ്ങളും യൗവനവും തകര്‍ന്ന കാലം മുളപൊട്ടുന്ന വിപ്ലവസ്വപ്നങ്ങളുടെ നേര്‍ക്ക് നഷ്ടയൗവനത്തിന്റെ തീക്ഷണനോട്ടം കൊണ്ട് ' അറം പറ്റിയ ഒരു കവിത' എന്നു പ്രതിഷേധിക്കുന്നു. അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ തന്റെ ജീവിതത്തിന് ആറുവര്‍ഷങ്ങള്‍ക്കു മുന്‍പേ വെളിച്ചത്തിലേക്ക് വണ്ടി കിട്ടുമായിരുന്നു.നഷ്ടപ്പെട്ട ആറുവര്‍ഷങ്ങള്‍ എന്തുനേട്ടമാണ് ഉണ്ടാക്കിയത് എന്ന മുനകൂര്‍ത്ത ചോദ്യമാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്നത്.


-പി എ അനീഷ്, എളനാട്.

0 comments:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP